ഈ ബ്ലോഗിലെ ഗാനങ്ങൾ ഉപയോഗിക്കുവാൻമുൻകൂട്ടി അനുവാദം വാങ്ങേണ്ടതാണ്‌ .Contact me:e-mail: artistrajan@gmail.com

Thursday, September 25, 2008

മാമല നാടിന്റെ പാട്ടുകാരേ

മാവേലിനാടിന്റെ മക്കളേ...
മാമല നാടിന്റെ പാട്ടുകാരേ..
മാനവസ്നേഹം തുളുമ്പുന്ന ഗീതികള്‍
‍പാടുക പാടുക നിങ്ങളാദ്യം..
മറുനാട്ടിലാണെന്നിരിക്കിലും
മനസ്സിന്റെ മണിമുറ്റത്തൊക്കെയും
പൂക്കളല്ലേ..പുലരിയല്ലേ..
ഇലകൊഴിയുന്നൊരു ശിശിരപഥത്തിലൂടെ..
അധികവും നിങ്ങള്‍ നടന്നതല്ലേ..
അധികമായിത്തിരി സ്നേഹനിശ്വാസങ്ങള്‍..
അനുഭവിക്കാനെന്തേ മടിച്ചിടുന്നൂ...

ഓണം വന്നേ

ഓണം വന്നേ പൊന്നോണം വന്നേ..
ഓണം വന്നേ പൊന്നോണം വന്നേ..
ഒര്‍മ്മകള്‍ നിറയും മനസ്സിന്‍ കായലില്‍,
ഓടം വന്നേ പൊന്നോടം വന്നേ...
ഓണം വന്നേ........
പുലരിപ്പൂമഴ പൂക്കളമായീ
പൊന്നോണം വന്നണയുകയായീ..
ഉള്ളില്‍ത്തള്ളുമൊരാവേശത്തിന്‍
‍ചെല്ലക്കിളികള്‍ പാടുകയായീ..
ഓണം വന്നേ....
പൊന്നുവിളഞ്ഞൊരു പാടത്ത്‌..
പൊന്‍പറനിറയെപ്പൊലിമയുമായ്‌..
പോയവസന്ത സ്മൃതികളുണര്‍ന്നൂ
ചിങ്ങപ്പുലരിയിലുത്സവമായ്‌..
ഓണം വന്നേ......
മാവേലിക്കാമഹാമനസ്സിന്നു
മായികമായൊരു വരവേല്‍പ്പ്‌..
മാനുഷരെല്ലാമൊന്നായുള്ളൊരു
മഹായുഗത്തിനു വരവേല്‍പ്പ്‌..
ഓണം വന്നേ......

Tuesday, September 23, 2008

മൗനമോ

നീലാംബരത്തിന്റെ നീലപ്പുടവയില്‍
‍താരകക്കിന്നരിപ്പൂക്കളുമായ്‌
ലോലവെഞ്ചാമരം വീശുന്നകാറ്റില്‍ നീ..
ശോകാര്‍ദ്രയാണോ...പൂനിലാവേ...?
നാണമാണോ നിന്റെ
മുഖപടലത്തിലെ
കളങ്കമെന്തേ ചൊല്ലു ചന്ദ്രികേ നീ...
നിന്‍ മിഴിയോരത്ത്‌ബാഷ്പമായ്ത്തീരുന്ന
മോഹങ്ങളാണോ..? ഹിമകണങ്ങള്‍..
കനലാളുമോര്‍മ്മയില്‍
ഉറക്കംവെടിഞ്ഞും
കാതരേ നീയാരേക്കാത്തുനില്‍പൂ...
ഉഷസ്സിന്റെ പാതയില്‍
കാതോര്‍ത്തു നില്‍ക്കുന്ന
ഊര്‍മ്മിളയാണോ നീ മൗനമെന്തേ...
(1992ല്‍ റാസല്‍ഖൈമ റേഡിയോ ഗള്‍ഫില്‍
ആദ്യമായി മലയാളം പ്രക്ഷേപണം തുടങ്ങിയതിന്റെ
രണ്ടാംനാള്‍ ഞാന്‍ എഴുതി മി.അനു പാടിപ്രക്ഷേപണം ചെയ്ത ഗാനം.)