ഈ ബ്ലോഗിലെ ഗാനങ്ങൾ ഉപയോഗിക്കുവാൻമുൻകൂട്ടി അനുവാദം വാങ്ങേണ്ടതാണ്‌ .Contact me:e-mail: artistrajan@gmail.com

Monday, February 22, 2010

നീലവാനത്താഴ്വരയിൽ

നീലവാനത്താഴ്വരയിൽ
നീലജലാശയ തീരത്തു പണ്ടൊരു..
മാൻപേടയുണ്ടായിരുന്നൂ..
വസന്തോത്സവത്തിന്റെ മുറ്റത്ത്‌
വാർമഴവില്ലിന്റെ ചാരത്ത്‌- പണ്ടവൾ..
കണ്ണാടി നോക്കിയിരുന്നൂ..
നീലവാനത്താഴ്വരയിൽ
(നീലവാനത്താഴ്വരയിൽ)
കിനാവുകൊണ്ടവൾ കണ്ണെഴുതീ
മോഹങ്ങൾ കൊണ്ടവൾ പൊട്ടുകുത്തീ..
സ്വപ്നത്തിൻ തേരേറി
സ്വർഗ്ഗവുമായെത്തും..
സ്നേഹ സ്വരൂപനെക്കാത്തിരുന്നൂ...
(നീലവാനത്താഴ്വരയിൽ)
കാണാത്ത തീരത്ത്‌ കഥപറയാൻപോയ..
പൈങ്കിളിയെങ്ങാനും വന്നുവെങ്കിൽ
സ്നേഹസ്വരൂപനെക്കണ്ടുവെങ്കിൽ...
അവൾ കിനാവുകണ്ടു..!
(നീലവാനത്താഴ്വരയിൽ)

മഞ്ഞിന്റെ തട്ടമിട്ട്‌

മഞ്ഞിന്റെ തട്ടമിട്ട്‌
മനസ്സിൽ കുളിരുള്ള
മലയടിവാരത്തെപ്പെണ്ണേ
എന്റെ വയനാടൻ പെണ്ണേ!
നിന്മേനിയഴകിന്റെ
ലഹരിയിൽ ഞാനെന്റെ
സ്നേഹത്തിൻപൂക്കൂട നിനക്കുനല്കാം...
(മഞ്ഞിന്റെ തട്ടമിട്ട്‌)
വസന്തോത്സവത്തിന്റെ
വാതായനങ്ങളിൽ..
വാർമഴവില്ലുകൾ..മാനത്തുനെയ്യുന്ന..
പട്ടുനൂൽച്ചേല നിനക്കുനല്കാം..
(മഞ്ഞിന്റെ തട്ടമിട്ട്‌)
മന്ദാരവല്ലരി പൂത്തുതിമർത്തതും.
കുറുമൊഴിമുല്ലകൾ പൊട്ടിച്ചിരിച്ച്തും..
കൊന്നകൾ സ്വർണ്ണച്ചിറകുവിരിച്ചതും..
സുന്ദരീ നിന്നിൽ കൊതിപൂണ്ടല്ലേ..
(മഞ്ഞിന്റെ തട്ടമിട്ട്‌)

കളിയോടമുണ്ടൊരു കളിയോടം..

തെക്കേക്കയലിൽ തങ്കനിലാവിന്റെ..
കളിയോടമുണ്ടൊരു കളിയോടം..
ഓളത്തിരകളിൽ തെന്നിക്കളിയ്ക്കുന്ന
ഓമനപ്പൊന്നോടം...
അക്കരയിക്കരെപ്പോയ്‌വരാനൊത്തിരി,
തുമ്പികൾ കാത്തുനിന്നൂ...!
പൊന്നോടമിക്കരെയെത്തുന്നതും കാത്ത്‌
തുമ്പികൾ കാത്തുനിന്നൂ...!
(തെക്കേക്കയലിൽ)
കിഴക്കെമലയുടെയുച്ചിയിലന്നേരം...
തങ്കത്തിൻ തേരുവന്നൂ...!
സ്വർണ്ണത്തിൻ ചാലുകൾ കീറിമുന്നേറുന്ന..
തങ്കത്തിൻ തേരുവന്നൂ...!
(തെക്കേക്കയലിൽ)
കണ്ണഞ്ചും തേരിന്റെ ദിവ്യപ്രഭയിലാ
കളിയോടം കായലിൽ മാഞ്ഞുപോയീ..
കണ്ണീർക്കായലിൻ കരയിലെത്തുമ്പികൾ
കാണാതെയെങ്ങോ പറന്നുപോയീ..
(തെക്കേക്കയലിൽ)

നീയുറങ്ങ്‌ തങ്കം നീയുറങ്ങ്‌...

രാരീ രാരോ രാരീ രാരോ
രാരീ രാരോ രാരീ രാരോ
അമ്മേടെ പൊന്നല്ലേ നീയുറങ്ങ്‌..
ആരോമൽപ്പൈതലേ നീയുറങ്ങ്‌..
നീയുറങ്ങ്‌ തങ്കം നീയുറങ്ങ്‌...
നീയുറങ്ങ്‌ തങ്കം നീയുറങ്ങ്‌...
ആകാശത്തമ്പിളി നോക്കിനിൽക്കേ..!
താരകൾ കൺചിമ്മിക്കാത്തുനിൽക്കേ..
നീയുറങ്ങ്‌ തങ്കം നീയുറങ്ങ്‌..
നീയുറങ്ങ്‌ തങ്കം നീയുറങ്ങ്‌...
നാളെവെളുപ്പിനുനീയുണർന്നീടുമ്പോൾ
ആയിരമുമ്മകൾനിനക്കുനൽകാം..
നാളെനീയോടിക്കളിച്ചീടുമ്പോൾ..
കൂടെക്കളിക്കാനമ്മ വരാം...
നീയുറങ്ങ്‌ തങ്കം നീയുറങ്ങ്‌...
നീയുറങ്ങ്‌ തങ്കം നീയുറങ്ങ്‌...
മയക്കത്തിലെന്തേ നീ പുഞ്ചിരിച്ചൂ..,
സ്വർഗ്ഗത്തിൽനിന്നുനിൻ മുത്തശ്ശിയെങ്ങാനും..
നിന്നെച്ചിരിപ്പിക്കാൻ വന്നതാണോ...?
നിന്നെക്കളിപ്പിക്കാൻ വന്നതാണോ..?
നീയുറങ്ങ്‌ തങ്കം നീയുറങ്ങ്‌...
നീയുറങ്ങ്‌ തങ്കം നീയുറങ്ങ്‌...

പേരാറ്റിൻകരയിലെ

പേരാറ്റിൻകരയിലെ
പേരറിയാത്തൊരു പൈങ്കിളീ നീ...
പാടുകയാണോ വീണ്ടും..
മണിവീണ മീട്ടുകയാണോ ...
സന്ധ്യകൾ തോറും ചെന്താമരപ്പൂക്കൾ
മാനത്തുതൂവുന്ന നീ..
എന്റെ മാനസദേവനെക്കണ്ടോ....?
എന്റെ കദനകഥകളും ചൊന്നോ..?
പേരാറ്റിൻ കരയിലെ...
മണലാഴിമധ്യത്തിലേകാന്തനായും,
മനമേറെദുഖത്തിലാഴ്‌ന്നുമിരിയ്ക്കും..
പ്രിയതോഴനോടുനീ ചൊന്നോ..എന്റെ..
പ്രണയകഥകളും ചൊന്നോ..?
പേരാറ്റിൻ കരയിലെ...
അവ്നിയിലാകെനീ പാടി,
പാടിപ്പറക്കുമ്പോഴെങ്ങാൻ..
പ്രിയതമനെ നീ കണ്ടോ..
പ്രണയകഥകളും ചൊന്നോ..?
പേരാറ്റിൻ കരയിലെ...

Sunday, February 14, 2010

പാർവ്വണ ചന്ദ്രികേ നീയറിഞ്ഞോ...

പാർവ്വണ ചന്ദ്രികേ നീയറിഞ്ഞോ...
എന്റെ താമരക്കണ്ണന്റെ ലീലകൾ..
പീലിത്തിരുമുടി ചൂടി....അവൻ
പുല്ലാംകുഴലൂതി വന്നൂ...
മോഹരാഗങ്ങളും പാടീ-അവൻ
വേണുഗാനമായെന്നിൽ..
(പാർവ്വണ..)
കാളിന്ദീതീരവും കളഗീതധാരയിൽ...
കാളിയൻ പോലും മയങ്ങീ..
ഗോപികാ വൃന്ദവും ഗോകുലം തന്നേയും..
ആനന്ദനടനങ്ങളാടീ...
(പാർവ്വണ..)
വൃന്ദാവനം പൂത്തുലഞ്ഞൂ- ഞാനും,
രാഗവിവശയായ്‌ നിന്നൂ..
കാർകൂന്തൽ കെട്ടഴിഞ്ഞൂ-എന്റെ,
പൂമേനിയാകെത്തരിച്ചൂ..
(പാർവ്വണ..)
എന്റെ താമരക്കണ്ണന്റെ ലീലകൾ..
പീലിത്തിരുമുടി ചൂടി....അവൻ
പുല്ലാംകുഴലൂതി വന്നൂ...
മോഹരാഗങ്ങളും പാടീ-അവൻ
വേണുഗാനമായെന്നിൽ..
(പാർവ്വണ..)
കാളിന്ദീതീരവും കളഗീതധാരയിൽ...
കാളിയൻ പോലും മയങ്ങീ..
ഗോപികാ വൃന്ദവും ഗോകുലം തന്നേയും..
ആനന്ദനടനങ്ങളാടീ...
(പാർവ്വണ..)
വൃന്ദാവനം പൂത്തുലഞ്ഞൂ- ഞാനും,
രാഗവിവശയായ്‌ നിന്നൂ..
കാർകൂന്തൽ കെട്ടഴിഞ്ഞൂ-എന്റെ,
പൂമേനിയാകെത്തരിച്ചൂ..
(പാർവ്വണ..)

അരുണ രശ്മികളുദയം ചെയ്യും..

അരുണ രശ്മികളുദയം ചെയ്യും..
ആശ്രമ വാടികളിൽ
ഹരിതശോഭയിലുണർന്നു നിൽക്കും
ഹൃദയകാന്തിയുമായ്‌...
വരികയാണോ വസന്തദേവത
വാരിജമിഴിയാൾ നീ...
വരികയാണോ വാർമഴവില്ലായ്‌..
വനകന്യകയായ്‌ നീ..
നിന്റെ ചാരുതയാർന്ന മേനിയിൽ
നിന്റെയധര മധുവുമായ്..
അലിഞ്ഞുചേരാനെന്റെ മോഹം
വീണമീട്ടുന്നൂ..ഞാനൊരു ഗാനമാകുന്നൂ..
അരുണ രശ്മികളുദയം ചെയ്യും..
ആശ്രമ വാടികളിൽ
ഹരിതശോഭയിലുണർന്നു നിൽക്കും
ഹൃദയകാന്തിയുമായ്‌...
വരികയാണോ വസന്തദേവത
വാരിജമിഴിയാൾ നീ...

പൂനിലാഛായയായ് പൂമലർവാടിയിൽ

പൂനിലാഛായയായ് പൂമലർവാടിയിൽ
പൂജാമലരുമായ്‌ നീ..
പുഷ്പിത ഗാത്രിയായ്‌ മുന്നിലെത്തീടുമ്പോൾ
പുളകിതനാകുന്നു ഞാൻ - രാധേ..
പുളകിതനാകുന്നു ഞാൻ
മധുരമനോഹരതരളമാമനുരാഗ..
യമുനയായ്‌ മാറുന്നു ഞാൻ -രാധേ..
യമുനയായ്‌ മാറുന്നു ഞാൻ..
(പൂനിലാ...)
നിന്റെപൂമേനിയിൽ നിത്യതാരുണ്യമായ്‌
പൂത്തുനിന്നീടുവാൻ മോഹം..
സ്നേഹാദ്രമാകുമീ വനിയിലതുല്യനായ്‌
പാറിപ്പറക്കുവാൻ മോഹം...
(പൂനിലാ..)
സ്വപ്നങ്ങളൊക്കെയും പൂവണിഞ്ഞീടുന്ന
സുന്ദരമീ..നവ്യയാമം...
സ്വർങ്ങളൊക്കെയും വാതിൽ തുറക്കുന്ന
സ്വർഗ്ഗീയമീ..ധന്യയാമം...
(പൂനിലാ..)

മലരമ്പനറിയാതെ മലർവാടിയറിയാതെ,

മലരമ്പനറിയാതെ മലർവാടിയറിയാതെ,
മനസ്സിൽ കൊരുത്തോരു പൂത്താലം-അതിൽ
മാലോകരരിയാതെ മനസ്സുകളറിയാതെ,
മോഹത്തിൻപൂക്കളിറുത്തുവെച്ചൂ- ഞാൻ
മോഹത്തിൻ പൂക്കളൊരുക്കിവെച്ചൂ..
(മലരമ്പ..)
ആതിരകൾനോറ്റ്‌ ആയിരം കണ്ണുമായ്‌
ആത്മപ്രിയനെ കാത്തിരുന്നൂ..ഞാൻ
അനുപമ സൗഭഗ്യ സ്നേഹപ്രഭതേടി..
ആ ശുഭ രാത്രിയ്ക്കായ്‌ കാത്തിരുന്നൂ..
(മലരമ്പ..)
അതിരുകളില്ലാത്ത സ്നേഹവിഹായസ്സിൽ
അരുമ മേഘങ്ങളായ്പ്പറന്നു ഞാനും..
ആശയാമാശ്വാസദ്വീപുകൾ തേടി ഞാൻ
ആർദ്രയായ്‌ കാതോർത്ത്‌ കാത്തിരുന്നൂ...
(മലരമ്പ..)